My Comments on Franko Issue

Primary tabs

I could not keep quite when the issues was handled by the bishop and the Church in an unhealthy manner. So I posted in Facebook the following comments. The first comment was taken by Mathrubhumi TV.Posted on Facebook on Sept 12, 2018 at 6.22 pm

അഭിവന്ദ്യ ഫ്രാങ്കോ പിതാവേ! കാര്യങ്ങൾ പരിധി വിടുകയാണു. ഇപ്രകാരം ഒരു ആരോപണം ഉണ്ടായപ്പോൾ തന്നെ അങ്ങ്‌ ധാർമ്മിക മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട്‌ ഏറ്റവും കുറഞ്ഞത്‌ ലീവെടുത്ത്‌ നിസ്പക്ഷമായ അന്വേഷണത്തിനു സാഹചര്യം ഒരുക്കേണ്ടതായിരുന്നു. ഒരു കന്യാസ്ത്രീയും ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ വ്യാജമായി പറയും എന്ന് ഞാൻ കരുതുന്നില്ല. ഇനി അങ്ങിനെ ആണു എങ്കിലും അത്‌ വ്യക്തമാകുമ്പോൾ അങ്ങെയുടെ യശ്ശസ്സ്‌ വർദ്ധിക്കുകയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അങ്ങെയുടെയും അങ്ങെയുടെ സഭയുടെ മാത്രമല്ല ക്രൈസ്തവ സമൂഹത്തിന്റെയും അതിനും അപ്പുറത്ത്‌ ക്രിസ്തുവിന്റെയും യെശ്ശസ്സിനു കളങ്കമാണു ഉണ്ടാക്കിയിരിക്കുന്നത്‌. ഇപ്പോൾ ഒരു മെത്രാനായ എനിക്കും ആ സഹോദരിയോട്‌ പ്രതിബദ്ധത അറിയിക്കേണ്ടിവന്നിരിക്കയാണു. കാരണം അങ്ങാണു ഇപ്പോൾ പൂർണമായും സംശയത്തിന്റെ നിഴലിൽ. [No automatic alt text available.]


Further posted on Facebook on Sept 21, 2018 4.27 pm.

അങ്ങിനെ ഒരദ്ധ്യായം അവസാനിച്ചു. സ്ത്രീ പീഢനാരോപിതൻ ഫ്രാങ്കോ മുളക്കൽ അറസ്റ്റിലായി എന്ന വാർത്ത വരുന്നു. 
കഴിഞ്ഞ തൊണ്ണൂറോളം ദിവസം നീണ്ടുനിന്ന സമരം പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. ഇതുവരെ പൊതു സമൂഹം, വാർത്താ മാധ്യമങ്ങൾ, മനുഷ്യസ്നേഹികൾ, ശബ്ദമില്ലാത്തവർ എല്ലാം ഈ വിഷയം നിരന്തര ചർച്ചക്ക്‌ വിധേയമാക്കി. തികച്ചും ഒഴിവാക്കാമായിരുന്ന ഒച്ചപ്പാടുകൾ. എന്ത്‌ ചെയ്യാമായിരുന്നു എന്ന് ഞാൻ മുൻപൊരു കുറിപ്പിൽ പറഞ്ഞിരുന്നു. ഇപ്പോൾ പ്രധാനമായും പരിക്കേറ്റത്‌ സഭക്കു തന്നെയാണു. സഭ ചെയ്തുകൊണ്ടിരുന്ന എല്ലാ നല്ല കാര്യങ്ങളും സംശയത്തിന്റെ നിഴലിലോ പാർശ്വത്തിലോ ആയി. അതിനു സാഹചര്യം ഉണ്ടാക്കിയത്‌ ഫ്രാങ്കൊ തന്നെയാണു. പക്ഷെ സഭയുടെ ഉന്നതസ്ഥാനം വഹിക്കുന്നു എന്നു അവകാശപ്പെടുന്ന ഇദ്ദേഹത്തെ സഭ ഉപദേശിക്കണമായിരുന്നു എന്നതിനാൽ സഭയെയും കുറ്റാരോപിതമാക്കേണ്ടിയിരിക്കുന്നു. ‌ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസം ഒളിച്ച്‌ ഹോട്ടലിൽനിന്നും പുറത്തിറങ്ങിയ ഫ്രാങ്കോ, അറസ്റ്റ്‌ ചെയ്യപ്പെട്ട്‌ കൊണ്ടുപോകുന്ന മറ്റേതൊരു പ്രതിയെയുമ്പോലെ മുഖം കൈകൊണ്ട്‌ മറച്ചു കാറിൽ യാത്ര ചെയ്യുന്നതു വളരെ വേദനയോടെയാണു ഞാൻ ടെലിവിഷനിൽ കണ്ടത്‌.

പക്ഷെ ഇതിൽ മറ്റുപല കാര്യങ്ങളിൽ എന്നപോലെ ഇവിടെയും ഒരു രജതരേഖ കാണാം. അതിനും കാരണം ഫ്രാങ്കോ തന്നെ. ഒരിക്കലും ഉണ്ടാകില്ല എന്നു കരുതിയ ഒന്ന് സംഭവിക്കാൻ ഇപ്പോൾ സാഹചര്യമുണ്ടായി. നാലു ചുമരുകൾക്ക്‌ ഉള്ളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന സന്ന്യാസിനികൾ ധൈര്യം സംഭരിച്ച്‌, സ്വന്തം നിലനിൽപ്പ്‌തന്നെ അപകടത്തിൽ ആക്കികൊണ്ട്‌ പുറത്ത്‌ വരാനും അതിനു വലിയ പിന്തുണ നേടാനും ഇടയായി. ഇത്‌ സഭക്കു മുൻപിൽ വലിയൊരു വെല്ലുവിളി ഉയർത്തുന്നുണ്ട്‌. ഇനി സഭാനേതാക്കളും മുൻനിര പ്രവർത്തകരും കുറെക്കൂടെ ശ്രദ്ധിച്ച്‌ ജീവിക്കണം എന്ന സന്ദേശമണു ലെഭിക്കുന്നത്‌. യൂറോപ്പിൽ ഉണ്ടായ സഭയുടെ പൊതു സമൂഹത്തിലെ അപ്രസക്തി ഇവിടെ ഉണ്ടാകാതിരിക്കണം എങ്കിൽ ഞാനും എന്നേപ്പോലെ ഉള്ള സഭാനേതാക്കളും വളരെ ശ്രദ്ധയോടെ ജീവിക്കണം, പ്രവർത്തിക്കണം, സംസാരിക്കണം, ചിന്തിക്കപോലും വേണം.

തെരുവിലേക്ക്‌ ഇറങ്ങിയ, പൊതു സമൂഹത്തിന്റെ മുൻപിൽ ഈ വിഷയം ഫലവത്തായി കൊണ്ടുവന്ന, സന്യസ്തരെ നിങ്ങളെ ഞാൻ ശ്ലാഘിക്കുന്നു. നിങ്ങൾ ചെയ്തത്‌ എളുപ്പമായിരുന്നില്ല എന്നെനിക്കറിയാം. ഈ വിമോചന ഭാവം ക്രിസ്തുവാണു നിങ്ങൾക്ക്‌ നൽകിയത്‌. സർവ്വ ലോകത്തിന്റെയും വിമോചന സന്ദേശമായ പുനരുദ്ധാനം ലോകത്തെ ആദ്യം അറിയിക്കാൻ യേശു കർത്താവ്‌ തിരഞ്ഞെടുത്തത്‌ സ്ത്രീകളെ ആയിരുന്നു എന്നത്‌ നിങ്ങളുടെ കാര്യത്തിലും ശരിയായി.
ഇനി ഒരുപക്ഷെ കോടതി വരാന്തകളിൽ കയറി ഇറങ്ങി അപ്പീലുകളുടെ തുടർച്ചയിൽ നിയമത്തിന്റെ പഴുതുകളിലൂടെ ഫ്രാങ്കോ പരുക്കേൽക്കാതെ പുറത്തു വന്നേക്കം. എന്നാൽ ഇപ്പോൾതന്നെ ഉണ്ടാകേണ്ട പരുക്ക്‌ ഏറ്റിരിക്കുന്നു, സഭക്കും ഇദ്ദേഹത്തിനും, ഇതു തന്നെയാണു ശിക്ഷയുടെ ഒന്നാം പർവ്വം.